Sunday, February 25, 2007

കവിയരങ്ങ്

അരങ്ങില്‍ പാടിക്കേട്ടൂ
സദ്ദാമിന്‍ ശിരച്ഛേദത്തില്‍
കലങ്ങിമറിഞ്ഞ,
ചിതറിത്തെറിച്ച മനസ്സും
വാവകചാര്‍ത്തും

ഉരുകിയൊലിക്കുന്ന
കാവേരിയെ
കൈക്കുമ്പിളില്‍ ഏറ്റുവാങ്ങിയ
കാച്ചിക്കുരുക്കിയ വരികളും

വാര്‍ദ്ധക്യം വന്നെത്തിയെന്ന
കാലത്തിന്‍ ഓര്‍മ്മപ്പെടുത്തലും
കവിയരങ്ങില്‍ വിഷയമായ്
വിങ്ങിപ്പൊട്ടിയുയരുന്നു!

ചിരിയുടെ മായാജാലങ്ങളില്‍
എത്രയെത്ര ചിരികളെന്ന
കണക്കുകൂട്ടലൊരേടത്ത്
കാര്യമായ് നടക്കുന്നു!

നദികളെ വില്‍ക്കരുതെന്ന്
ദയനീയമായ് കേണും
ഘോരമായ് ആര്‍ത്തും
കവികളിലൊരുവന്‍ അലമുറയിടുന്നു!

പ്രാചീന കാവ്യശൈലി
കുഴിച്ചുമൂടപ്പെട്ടെങ്കിലും
ഈ കേട്ടവയിലൊക്കെയും
പ്രാസവും വൃത്തവും!!

ആധുനികരാരെന്ന്
കാതോര്‍ത്തിരിക്കവേ
`മോഡറേറ്റര്‍' മൊഴിയുന്നു
കുറുങ്കവിതകളൊരേഴെണ്ണം!

കൈയടികളേറെ വാങ്ങി
ഗദ്യകവിത തലപൊക്കേ
പദ്യവും ഗദ്യവും തീര്‍ത്ത
മഹാമുനി ചിരിക്കുന്നു!!!

Tuesday, February 20, 2007

ദാനം

കിടക്കപ്പായയില്‍ നിന്നും
പിടഞ്ഞെഴുന്നേറ്റത്
അവളുടെ
തുരുന്പിച്ച മുലകളെ
തട്ടിമാറ്റിക്കൊണ്ടാണ്.
എങ്ങോട്ടെന്നില്ലാതെ
അലക്ഷിയനായി
അക്ഷോഭ്യനായി
അമ്മപെങ്ങന്മാരെ
ഓര്‍ത്ത് മനസ് നീറി.

മാംസവില്പന, പെണ്ണുങ്ങള്‍
മടുക്കുന്നതെന്നാണാവോ!
അന്നൊരു പക്ഷെ
ആണ്‍സമൂഹം
ഭൂമുഖത്തില്ലായിരിക്കാം!

അല്ലെങ്കിലും,
അവരിലും
`ആണത്തം'
അല്പാല്പമായി
തേഞ്ഞുമാഞ്ഞുകൊണ്ടിരിക്കുന്നു.
ആണ്‍ പെണ്ണും
പെണ്‍ ആണുമായി,
ശാന്തി ശാന്തനായി,
വിനയന്‍ വിനയനായി
രൂപാന്തരവും
ഭാവാന്തരവും
സംഭവിക്കുന്ന

ജൈവശാസ്ത്രഘടനയുടെ
ഭൌതികവും
രസതന്ത്രവും
എന്താവും?

ഇതിനൊക്കെയിടയില്‍
സങ്കല്പലോകം
വെറും
വേഷക്കെട്ട്!

നിറമാര്‍ന്ന ചിന്തകള്‍
വെറും
നിമിഷച്ചായം!

ബീജാദാനം
വെറും
ബാലന്‍സില്ലാത്ത
ബാലന്‍സ് ഷീറ്റ്!!!!

Monday, February 19, 2007

ഉള്‍വിളി

വെളിച്ചം
ദൈവം ചിരിക്കുന്നത്
കരച്ചിലിനിടയിലൂടെയാണ്
ഞാന്‍ കണ്ടത്.
ആ ചിരികാണാന്‍
കൊടുത്ത വില
തുളുന്പിത്തെറിച്ച
കണ്ണുനീരായിരുന്നു.
ഒരു പക്ഷെ,
ആ കണ്ണീര്‍ കണങ്ങളാല്‍
ഞാന്‍ ദൈവത്തിന്‍റെ
ചിരി കണ്ടു,
എന്നും പറയാം!

വേദനയുടെ അത്യുന്നതിയില്‍
നാം എത്തിച്ചേരുന്നത്
ആശ്രയമരുളുന്നവന്‍റെ
മടിത്തട്ടിലല്ലേ?
ക്രൂരമായ വിധിയുടെ
താണ്ഡവമാണ്
അവനിലേയ്ക്കുള്ള
വഴിതെളിച്ചുതന്നത്.
ബലിഷ്ഠമായ കൈകളുടെ
കരുതലിനാല്‍
ബലഹീനയായിനിന്ന
അനുഭവമേ ഉള്ളെനിക്ക്!

ഒരിക്കല്‍
ആ കൈകളൊന്നയഞ്ഞപ്പോള്‍
ഞാന്‍ വിയര്‍ത്തു!
പിടിവള്ളിക്കായി അലഞ്ഞു!
എങ്ങനേയോ കിട്ടി
എന്‍റെ പേക്കൂത്തില്‍ ചിരിക്കുന്ന
ആ ദൈവത്തെ!

അതെ,
ദൈവത്തിന്‍റെ ചിരി
കരച്ചിലിനിടയിലൂടെ
ഞാന്‍ കണ്ടു!!!

Wednesday, February 14, 2007

കിറുക്കലുകള്‍

വേര്‍പാട്
പരിചയങ്ങള്‍ പുതുക്കണം!
ശ്വാസം മുട്ടിക്കുന്ന
ഭാഷാവൈവിധ്യങ്ങള്‍ക്കിടയില്‍
അമ്മ മലയാളത്തിന്‍റെ
മൊഴിമുത്തുകള്‍
ചിതറിക്കേട്ടപ്പോള്‍
ആ ദിശയിലേയ്ക്ക് ചെവികളും,
പിന്നെ പാദങ്ങളും ചലിച്ചു.
അവിടത്തെ ചിരികള്‍ക്ക്
തെങ്ങിന്‍ തോട്ടത്തിന്‍റെ
കലപിലയുണ്ട്,
അവിടത്തെ ശബ്ദത്തിന്
പറങ്കിമാങ്ങായുടെ
മാധുര്യമുണ്ട്,
അവിടത്തെ നിശ്വാസങ്ങള്‍ക്ക്
നന്മയുടെ നിനവുകളുണ്ട്.
ആനന്ദമൂര്‍ച്ചയില്‍
അവരോടൊത്ത് ഭക്ഷണപ്പുരയിലേയ്ക്ക്...
കത്തിയും മുള്ളും
നിരത്തിവച്ച `കൊട്ടത്തളം'!
അഞ്ചുവിരലിന്‍റെ
പഞ്ചഗുസ്തിയറിയാത്ത
പാവം പാസ്റ്റയും പിസ്റ്റയും
ഹാംബര്‍ഗും സോസജ്ജും!
എന്തിനി ചെയ്യേണ്ടു?
കാളനോ ഓലനോ
ചിത്രത്തിലെങ്കിലും
കണ്തിരുന്നെങ്കിലെന്ന്
മനസ്സുപറഞ്ഞത്
കൂശിനിക്കരന്‍ അറിഞ്ഞോ?
എങ്ങോ മണക്കുന്നു
അവിയലിന്‍ ആരവം
ആ ദിശയിലേയ്ക്ക് മൂക്കുകളും,
പിന്നെ പാദങ്ങളും ചലിച്ചു!
അവിടത്തെ ചെന്പുപാത്രങ്ങള്‍ക്ക്
തറവാട്ടിന്‍റെ തവിട്ടുനിറം
അവിടത്തെ ചേരുവകള്‍ക്ക്
മുത്തശ്ശിയുടെ കൈപുണ്യം!
അങ്ങനെ കലാവിരുന്നിന്
കാഹളം മുഴങ്ങി,
പോപ്പും റാപ്പും
കണ്ണുകളേയും കര്‍ണ്ണങ്ങളേയും
തകര്‍ത്തെറിയവേ
ലാസ്യഭാവങ്ങള്‍ക്കായ്
കണ്ണുകള്‍ പരതി....
അങ്ങപ്പുറത്ത്
മിനുക്കുകൂട്ടിന്‍റേയും
മിഴാവിന്‍റേയും വര്‍ണ്ണവിസ്മയം,
ആ ദിശയിലേയ്ക്ക് കണ്ണുകളും,
പിന്നെ പാദങ്ങളും ചലിച്ചു!
അവിടത്തെ ചലനങ്ങള്‍ക്ക്
ചെറ്റക്കുടിലിന്‍റെ ചിലന്പലുകളുണ്ട്,
അവിടത്തെ താളങ്ങളില്‍
കൂമന്‍ മൂളുന്ന കൂവിച്ചയുണ്ട്!
എന്തിനിനി നാട്ടിലേയ്ക്കു പോണം!
എല്ലാമെല്ലാം ഓര്‍മ്മയില്‍
തിളങ്ങുന്നു!
ഓര്‍മ്മകളുടെ മാധുര്യം
ആവോളം നുകരാന്‍
അകന്നുതന്നെയിരിക്കം,
എല്ലാത്തിനും സൌന്ദര്യമുണ്ടപ്പോള്‍!!
സ്വപ്നത്തിലും സൌന്ദര്യഭാവം
വികൃതമായ് വിരിയുന്നു
പിന്നെയെങ്ങനെ യാഥാര്‍ത്ഥ്യത്തില്‍
സൌന്ദര്യം തെളിയും
ഇനിയെവിടെ കവിതയെത്തിരയും
ഇനിയെന്തിന് കവിതയെത്തിരയും
ഇനിയെങ്ങനെ കവിതയെത്തിരയും
തളരാതെ തിരയാം എന്തെങ്കിലും
തടയും!!!!!!
പ്രഹേളിക
`ജീവിതം നല്‍കാന്‍ മടിക്കുന്നതൊക്കെയും
ജീവിതത്തോടു പൊരുതിനേടുക'
മഹത് വചന ഘോഷങ്ങള്‍
ഇന്ന് മരീചികയാവുന്നു.
എങ്ങനെ എവിടെ നാം തുടങ്ങുന്നുവോ
അവിടം
അസ്തമയത്തെ കൊതിക്കുന്ന
മനസ്സാണിന്ന്.
മുന്നോട്ടു ചലിക്കാന്‍ മുഖമുണ്ടെങ്കിലും
ആ മുഖം
മുഖംമൂടികള്‍ക്കുള്ളില്‍
ആഴ്ന്നു പോകുന്നു.
തുടക്കങ്ങള്‍ക്കൊക്കെയും
തിടുക്കങ്ങളുടെ കലന്പലുകള്‍
മുടക്കം സൃഷ്ടിക്കുന്നു.
എന്നുമെന്നും
വികാരങ്ങളെ ധ്യാനിച്ചു ശീലിച്ച
മനുഷ്യന്
ഇന്ന്,
വികാരമെന്നത്
വൃഥാനോവായിത്തീര്‍ന്നിരിക്കുന്നു.
ഉദയസൂര്യനില്‍ കണ്ട ഔദാര്യശീലത്തിന്
ഉണ്മയല്ലാത്ത അരണ്ടവെളിച്ചത്തെ
വരച്ചുവയ്ക്കാന്‍
ധൈര്യപ്പെടുന്ന ചിത്രകാരന്‍.
സ്വപ്നത്തിലും സൌന്ദര്യഭാവം
വികൃതമായ് വിരിയുന്നു
പിന്നെയെങ്ങനെ യാഥാര്‍ത്ഥ്യത്തില്‍
സൌന്ദര്യം തെളിയും
ഇനിയെവിടെ കവിതയെത്തിരയും
ഇനിയെന്തിന് കവിതയെത്തിരയും
ഇനിയെങ്ങനെ കവിതയെത്തിരയും
തളരാതെ തിരയാം
എന്തെങ്കിലും തടയും!!!!