Monday, February 19, 2007

ഉള്‍വിളി

വെളിച്ചം
ദൈവം ചിരിക്കുന്നത്
കരച്ചിലിനിടയിലൂടെയാണ്
ഞാന്‍ കണ്ടത്.
ആ ചിരികാണാന്‍
കൊടുത്ത വില
തുളുന്പിത്തെറിച്ച
കണ്ണുനീരായിരുന്നു.
ഒരു പക്ഷെ,
ആ കണ്ണീര്‍ കണങ്ങളാല്‍
ഞാന്‍ ദൈവത്തിന്‍റെ
ചിരി കണ്ടു,
എന്നും പറയാം!

വേദനയുടെ അത്യുന്നതിയില്‍
നാം എത്തിച്ചേരുന്നത്
ആശ്രയമരുളുന്നവന്‍റെ
മടിത്തട്ടിലല്ലേ?
ക്രൂരമായ വിധിയുടെ
താണ്ഡവമാണ്
അവനിലേയ്ക്കുള്ള
വഴിതെളിച്ചുതന്നത്.
ബലിഷ്ഠമായ കൈകളുടെ
കരുതലിനാല്‍
ബലഹീനയായിനിന്ന
അനുഭവമേ ഉള്ളെനിക്ക്!

ഒരിക്കല്‍
ആ കൈകളൊന്നയഞ്ഞപ്പോള്‍
ഞാന്‍ വിയര്‍ത്തു!
പിടിവള്ളിക്കായി അലഞ്ഞു!
എങ്ങനേയോ കിട്ടി
എന്‍റെ പേക്കൂത്തില്‍ ചിരിക്കുന്ന
ആ ദൈവത്തെ!

അതെ,
ദൈവത്തിന്‍റെ ചിരി
കരച്ചിലിനിടയിലൂടെ
ഞാന്‍ കണ്ടു!!!

1 comment:

G.MANU said...

ബലിഷ്ഠമായ കൈകളുടെ
കരുതലിനാല്‍
ബലഹീനയായിനിന്ന
അനുഭവമേ ഉള്ളെനിക്ക്!

പുതുമയുള്ള വരികള്‍....ധീരയാവാന്‍ ഇനിയെത്ര ദൂരം ഭാരതസ്ത്രീക്കു എന്ന് നേരിട്ടുപറയുന്ന ധൈര്യം... അഭിനന്ദനങ്ങള്‍
jeevitharekhakal